Flash News

2018-19 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു.ഏവര്‍ക്കും സ്വാഗതം

About us




നമ്മുടെ വിദ്യാലയം
             1955-ലാണ് നമ്മുടെ സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. അന്നത്തെ ഹോസ്ദുര്‍ഗ്ഗ് ഗവ: ഫിഷറീസ് സ്കൂള്‍ പ്രധാനാധ്യാപകനായിരുന്ന എം.ചന്തുമാസ്റ്റരുടെ നേതൃത്ത്വത്തില്‍ നാട്ടുകാര്‍ മാണിക്കോത്ത് ഒരു എല്‍.പി.സ്കൂള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫിഷറീസ് വകുപ്പിന് നിവേദനം നല്‍കുകയും പരിസരത്തുതന്നെയുള്ള ഒരു വായനശാലയില്‍ ക്യാമ്പ് ചെയ്ത് എം.ചന്തുമാസ്റ്റര്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുകയും ചെയ്തു. മൂന്ന് ക്ലാസ്സുകളിലായി 80 കുട്ടികള്‍ക്കാണ് ആദ്യം പ്രവേശനം നല്‍കിയത്. അധ്യയനം തുടങ്ങി അഞ്ച് ദിവസത്തിനകം തന്നെ ചന്തുമാസ്റ്ററെ പ്രധാനാധ്യാപകനായി നിയമിച്ച് ഉത്തരവിറങ്ങി. തുടര്‍ന്ന് കീഴൂര്‍ ഗവ: ഫിഷറീസ് സ്കൂളിലെ എം.കെ. രാഘവന്‍മാസ്റ്ററെ ഇവിടുത്തേക്ക് സ്ഥലം മാറ്റി നിയമിച്ചു. അങ്ങനെ രണ്ട് അധ്യാപകരും മൂന്ന് ക്ലാസ്സുമായി സ്കൂളിന്റെ പ്രവര്‍ത്തനം തുടര്‍ന്നു.
            സ്കൂള്‍ കമ്മിറ്റിയുടെ നിവേദന പ്രകാരം 1958 ല്‍ സ്കൂള്‍ യു.പി യായി അപ്ഗ്രേഡ് ചെയ്തു. കൂടുതല്‍ സൗകര്യത്തിനുവേണ്ടി ഓലമേഞ്ഞ ഒരു ഷെഡ്ഡ് കൂടി പണിതു. എല്‍.പി വിഭാഗത്തില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ സമീപത്തുള്ള രണ്ട് പീടികമുറികളിലാണ് ക്ലാസ്സുകള്‍ നടത്തിയിരുന്നത്. കെട്ടിട നിര്‍മ്മാണത്തിന്റെ സാമ്പത്തികച്ചുമതല വഹിക്കാനായി സ്കൂള്‍ കമ്മിറ്റി പലരെയും സമീപിച്ചെങ്കിലും കാര്യമായ ഫലം കണ്ടില്ല. ഒടുവില്‍ പ്രധാനാധ്യാപകനായ രാഘവന്‍മാസ്റ്റര്‍ തന്നെ മുന്‍കൈയെടുത്ത് കല്ലട്ര അബ്ദുള്‍ ഖാദര്‍ ഹാജി എന്നയാളെ സമീപിച്ചതോടെ 1977- ല്‍ സ്കൂള്‍ കെട്ടിടമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.
അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ് കോയ കെട്ടിടം ഉല്‍ഘാടനം ചെയ്യാനെത്തി. കെട്ടിടം ഒരുങ്ങിയതിനു ശേഷം സ്കൂളില്‍ കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടാന്‍ തുടങ്ങി. അങ്ങനെ 1984 ആകുമ്പോഴേക്കും ഏകദേശം ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന ഒരു സ്കൂളായി നമ്മുടെ സ്കൂള്‍ മാറി. മാത്രമല്ല, സ്കൂള്‍ കലോല്‍സവത്തിലും കായികമേളയിലും പ്രവൃത്തിപരിചയമേളയിലും സബ് ജില്ലാ തലത്തില്‍ ഉന്നതനിലവാരം പുലര്‍ത്താന്‍ കഴിഞ്ഞത് ഈ കാലയളവിലാണ്. 1980-ല്‍ സ്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു. മല്‍സ്യബന്ധന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന ഒരു വിഭാഗം ജനങ്ങളുടെ അശ്രാന്ത പരിശ്രമത്തിന്റെയും അതോടൊപ്പം ഇവര്‍ക്ക് തണലായ് നിന്ന എം.ചന്തുമാസ്റ്ററുടെയും എം.കെ.രാഘവന്‍മാസ്റ്ററുടേയും നിശ്ചയദാര്‍ഢ്യത്തിന്റെയും കാര്യശേഷിയുടേയും ഫലമായാണ് ഇങ്ങനെയൊരു സരസ്വതീക്ഷേത്രം മാണിക്കോത്ത് നിലവില്‍ വന്നത്. പക്ഷെ ഇന്ന് മല്‍സ്യത്തൊഴിലാളി വിഭാഗത്തിലെ ഒരു കുട്ടിപോലും പഠിക്കാത്ത ഒരു സ്കൂളാണ് മാണിക്കോത്ത് സ്കൂള്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ പോലും സമീപപ്രദേശങ്ങളിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കാണ് ഇവരുടെ മക്കളെ പഠനത്തിനുവേണ്ടി അയക്കുന്നത്.
           ഓരോ വര്‍ഷം പിന്നിടുമ്പോഴും സ്കൂളില്‍ കുട്ടികള്‍ കുറഞ്ഞുവരുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. ഇന്ന് നിലവില്‍ 1മുതല്‍ 7 വരെ ഏഴ് ക്ലാസ്സുകളിലായി ആകെ 107 കുട്ടികളാണ് നമ്മുടെ സ്കൂളില്‍ പഠിക്കുന്നത്. സ്കൂള്‍ കെട്ടിടത്തിന്റെ അവസ്ഥയും വളരെ പരിതാപകരമാണ്. വാടകയിനത്തില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമായതിനാല്‍ ഗവണ്മെന്റില്‍ നിന്ന് സ്കൂളുകള്‍ക്ക് കെട്ടിട നിര്‍മാണത്തിനു വേണ്ടി ലഭിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക സഹായങ്ങളൊന്നും തന്നെ നമ്മുടെ വിദ്യാലയത്തിന് ലഭിക്കുന്നുമില്ല. സ്ഥലം ഗവണ്മെന്റിലേക്ക് വിട്ടു കൊടുക്കാന്‍ വേണ്ടി സ്കൂള്‍ അധികൃതര്‍ സ്ഥലം ഉടമയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും കാര്യമായ ഫലം കണ്ടില്ല. അതുകൊണ്ടു തന്നെ ഒരു പുതിയ കെട്ടിടമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവാന്‍ ഇനിയും കാത്തിരിപ്പ് തുടരുകയാണ് ….................
 
അധ്യാപക ജീവനക്കാര്‍
എം.വി.രാമചന്ദ്രന്‍ (ഹെഡ് മാസ്റ്റര്‍)
വിന്‍സണ്‍ മാത്യു (സീനിയര്‍ അസിസ്റ്റന്റ് )
ഉഷ.കെ
സുധ.കെ 
രമാദേവി.കെ
ബിനി വില്യംസ്
മിനി എ
കുമുദകുമാരി.ബി
അനധ്യാപക ജീവനക്കാര്‍
ബാബു രാജേന്ദ്രന്‍.ബി (പ്യൂണ്‍ )
നാരായണി (പാചകത്തൊഴിലാളി )

അധ്യാപക-രക്ഷാകര്‍ത്തൃ സമിതി

                        

No comments:

Post a Comment